നജീബ്‌ കാന്തപുരം, തൂലിക, ജൂണ്‍
2006

നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും നിങ്ങളല്ലാത്ത ജനതയെ പകരം കൊണ്ടുവരികയും ചെയ്യും – വിശുദ്ധ ഖുര്‍ആന്‍

കേരള സമൂഹത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്‌ അവഗണിക്കാനാവാത്ത ഒരു ഇടമുണ്ട്‌. അര നൂറ്റാണ്ടിലേറെ മുസ്‌ലിംലീഗ്‌ സൃഷ്ടിപരമായി ആ ഇടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇന്ന്‌ കാണുന്ന വളര്‍ച്ചയുടെ അടയാളങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ അകബലംകൊണ്ട്‌ നാം സ്വന്തമാക്കിയതാണ്‌. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കൊണ്ട്‌ ഈ രാഷ്ട്രീയ സ്പേസ്‌ അവസാനിക്കാന്‍ പോവുന്നില്ല. അതുകൊണ്ട്‌ തന്നെ ഈ രാഷ്ട്രീയം വരും കാലങ്ങളിലേക്ക്‌ മുസ്‌ലിംലീഗിനെ സജ്ജമാക്കാന്‍ ആവശ്യമായ ഗുണപരവും വിവേകപരവുമായ ആലോചനകളാണ്‌ ഇനി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നടത്തേണ്ടത്‌.

ഇത്തരമൊരു ആലോചനകള്‍ക്ക്‌ മുമ്പില്‍ പരാചയത്തിന്റെ ഓട്ടയടക്കാന്‍ കണക്കുകളുടെ കസര്‍ത്ത്‌ അനാവശ്യമാണ്‌. തോല്‍വി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ഇനി തോല്‍ക്കാതിരിക്കാനുള്ള നടപടി ക്രമങ്ങളാണ്‌ അജണ്ടയാകേണ്ടത്‌. ഈ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വികൊണ്ട്‌ പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു പ്രവര്‍ത്തകനും പച്ചക്കൊടി മടക്കിവെച്ച്‌ ഇന്‍ക്വിലാബ്‌ വിളിക്കുമെന്ന്‌ ആരും ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. മുസ്‌ലിം ലീഗ്‌ ഒരു വിദ്യുത്‌ തരംഗമായി രക്തത്തില്‍ നില നിര്‍ത്തുന്ന ആയിരക്കണക്കിന്‌ പ്രവര്‍ത്തകരെ ഈ തിരിനാളം മാത്രമാണ്‌ ഇരുട്ട്‌ നിറഞ്ഞ വഴികളിലെ സഹായമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന അനുഭാവികളും സമൂഹത്തിന്റെ പൊതുധാരയില്‍ മുസ്‌ലിം സമുദായത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ ലീഗ്‌ നിര്‍വഹിച്ച പ്രയത്നങ്ങളെ അംഗീകരിച്ച വിപുലമായ ഒരു പൊതു സമൂഹവും നിലനില്‍ക്കുന്നിടത്തോളം കാലം ഒരു മലവെള്ളപ്പാച്ചിലിലും പാര്‍ട്ടി കുത്തിയൊലിച്ച്‌ പോകുകയില്ല. എന്നാല്‍ പ്രവര്‍ത്തകരുടെ മനസ്സിലെ വിദ്യുത്‌തരംഗവും അനുഭാവികളുടെ വഴിയിലെ തിരിനാളവും പൊതു സമൂഹത്തിലെ വിശ്വാസ്യതയും അണഞ്ഞു പോവാതെ നിലനിര്‍ത്താനുള്ള ആത്മപരിശോധനകള്‍ക്കാണ്‌ ഇനി സമയം കണ്ടെത്തേണ്ടത്‌.

ഇന്ത്യയുടെ രാഷ്ട്രീയ ശ്‌മശാനങ്ങളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മീസാന്‍ കല്ലുകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. ഒരു പതിറ്റാണ്ട്‌ പോലും തികയാതെ മണ്ണടിഞ്ഞ്‌ പോയ പാര്‍ട്ടികളുടെ നിശ്ചലവും മൂകവുമായ അന്ത്യവിശ്രമം കാണുമ്പോള്‍, കാറ്റിലും കോളിലും ഉലഞ്ഞും പിന്നെ നിവര്‍ന്ന്‌ നിന്നും തിരമാലകളോട്‌ മല്ലടിച്ചും നിലനില്‍പ്പിന്റെ അനിവാര്യതയറിഞ്ഞും മുങ്ങാതെ യാത്ര തുടര്‍ന്ന മുസ്‌ലിം ലീഗിനെ ഒരു ഇരുട്ടുള്ള രാത്രിയില്‍ മുക്കിക്കളയാമെന്ന്‌ ആരും വ്യാമോഹിക്കേണ്ടതില്ല. രാഷ്‌ട്രീയ വിശകലനം നടത്താന്‍ കഴിയുന്ന ഒരാളും മൌഢ്യമായ ഇത്തരം ചിന്തകള്‍ക്ക്‌ അടിമപ്പെടുമെന്നും കരുതാനാവില്ല.

മഞ്ചേരി ഇഫക്‌ടിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്‌ നേടിയ തിളക്കമുള്ള വിജയം ഇതിനു ശേഷം സംഭവിച്ച നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാചയവും സമഗ്രമായ ചില പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്‌.

രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ കാലങ്ങള്‍ക്ക്‌ മുമ്പെ നടക്കേണ്ട വഴികാട്ടികളാവണം. ജനതയുടെ സഞ്ചാരത്തിന്‌ മുമ്പെ അവരുടെ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ട ബാധ്യത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്‌. മാറ്റം മാത്രമാണ്‌ മാറാത്തതായുള്ളത്‌.മാറ്റത്തിന്റെ കാറ്റും വെളിച്ചവും കടത്താതെ ജനാലകള്‍ കൊട്ടിയടച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പ്ര്സ്ഥാനങ്ങള്‍ പോലും കടപുഴകി വീണത്‌ ചരിത്ര സാക്ഷ്യമാണ്‌. ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന നവീകരണങ്ങള്‍ നിര്‍വഹിക്കാതെ പോയാല്‍ ഏത്‌ രാഷ്‌ട്രീയ എന്ത്രത്തിനും പ്രവര്‍ത്തന ക്ഷമത കുറയുക സ്വാഭാവികമാണ്‌. സംഘ്‌പരിവാറിന്റെ തീവ്രരാഷ്‌ട്രീയ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ബി.ജെ.പിക്കുപോലും രണ്ട്‌ പതിറ്റാണ്ട്‌ തികയുന്നതിന്‌ മുമ്പ്‌ തുടര്‍ച്ചയായി കിട്ടിയ തിരിച്ചടികള്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും പാഠമാവേണ്ടതാണ്‌. ആശയങ്ങള്‍ ഇരുമ്പുലക്കയല്ലെന്നും നവീകരണങ്ങള്‍ ആവശ്യമാവുമ്പോള്‍ നിര്‍വ്വഹിക്കേണ്ടതാണെന്നും കൂടെ നില്‍ക്കുന്നവരുടെ രാപ്പനി കൂടെക്കിടന്നു തന്നെ അനുഭവിച്ചറിയേണ്ടതുണ്ടെന്നും ഈ തിരഞ്ഞെടുപ്പ്‌ ഫലം നമ്മെ ഉണര്‍ത്തുന്നു.

ജനങ്ങളുടെ അജണ്ടകള്‍ നിര്‍ണയിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളുടെയും നീരാളിപ്പിടുത്തം പോലെ മുറുകിക്കഴിഞ്ഞ അവയുടെ നെറ്റ്‌വര്‍ക്കുകളുടെയും ശക്തി ഈ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ മാത്രമല്ല സി.പി.എമ്മിനെ തോല്‍പ്പിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‌ സീറ്റ്‌ വാങ്ങിക്കൊടുത്തതില്‍ പോലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. തീര്‍ച്ചയായും വികസനങ്ങളെ അട്ടിമറിച്ച്‌ മറ്റുപല അജണ്ടകളും ജനമനസ്സുകളില്‍ തോല്‍പ്പിച്ച്‌ അവരെ വികാര ജീവികളാക്കി മാറ്റുന്നതില്‍ ഈ മാധ്യമപ്പട വിജയിച്ചതും തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ വഴിയൊരുങ്ങിയിട്ടുണ്ട്‌.

ഭരണവിരുദ്ധവികാരം ഒട്ടും പ്രതിഫലിപ്പിക്കാത്ത ഒരു തെരെഞ്ഞെടുപ്പില്‍ എന്തുകൊണ്ട്‌ ഈ പരാജയം സംഭവിച്ചുവെന്ന ആലോചന കൂടുതല്‍ ഗൌരവത്തോടെ നടത്തേണ്ടതുണ്ട്‌. മഹാസമ്മേളനങ്ങളില്‍ ആര്‍ത്തലച്ചുവരുന്ന ക്ഷുഭിത യൌവനങ്ങളല്ല, ഒരു പ്രസംഗവും കേള്‍ക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന അറുപത്‌ ശതമാനത്തിലേറെ വരുന്ന പൊതു സമൂഹമാണ്‌ തെരെഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്‌. അവരുടെ മനസ്സ്‌ വായിക്കാന്‍ കഴിയാതെ പോയിട്ടുണ്ടോയെന്നും അവര്‍ക്ക്‌ അഹിതകരമായി തോന്നുന്ന അഹങ്കാരവും ധിക്കാരവും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലോ മനോഭാവങ്ങളിലോ ഉണ്ടായിട്ടുണ്ടോ എന്ന പുനഃപരിശോധനയും ഈ ഘട്ടത്തില്‍ ആവശ്യമായി വരുന്നു.

മത, സാമുദായിക, സാംസ്കാരിക സംഘടനകളോട്‌ പുലര്‍ത്തുന്ന സമീപനങ്ങളിലും ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമായിത്തീരുന്നു. രാഷ്‌ട്രീയത്തിന്‌ പുറത്ത്‌ സംഘടിതരായിത്തീര്‍ന്ന ഇത്തരം പ്രസ്ഥാനങ്ങളെ ഒരേ തരത്തില്‍ കൈകാര്യം ചെയ്യാനും ഒരേ പോലെ നീതി നല്‍കി തൃപ്തമാക്കാനും ശത്രുത അവസാനിപ്പിച്ച്‌ പുറത്തുള്ള ശത്രുവിനെക്കുറിച്ച്‌ ബോധവല്‍കരിക്കാനും കഴിഞ്ഞ കാലങ്ങളില്‍ നിര്‍വ്വഹിച്ച പ്രയത്നങ്ങള്‍ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്‌. വേലികെട്ടിത്തിരിക്കേണ്ട പ്രവര്‍ത്തന പരിധികളില്‍ നിന്ന്‌ പലരും കുതറി പുറത്ത്‌ വന്നപ്പോള്‍ പാര്‍ട്ടി പുലര്‍ത്തിയ നിസ്സംഗത ഈ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ ഇട നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ മാധ്യമപ്പട നടത്തിയ കുപ്രചരണങ്ങള്‍ തെറ്റായിരുന്നുവെന്ന്‌ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പലപ്പോഴും കഴിയാതെ പോയിട്ടുണ്ട്‌. പണാധിപത്യം വാഴുന്നുവെന്നും സാമുദായിക പ്രശ്നങ്ങളില്‍നിന്ന്‌ അകന്ന്‌ പോവുന്നുവെന്നും നുണപ്പ്രചരണം നടത്തിയപ്പോള്‍ കാസര്‍കോഡ്‌ മുതല്‍ കോഴിക്കോട്‌ വരെ മുസ്‌ലിം ലീഗ്‌ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ എത്രപേരുണ്ട്‌ പണക്കാരെന്ന്‌ ചോദിക്കാന്‍ തക്കസമയത്ത്‌ നമുക്ക്‌ കഴിഞ്ഞിട്ടില്ല.

ഈ തെരെഞ്ഞടുപ്പ്‌ ഒരിക്കലും അവസാനത്തെതല്ല. പ്രതിസന്ധികളെ മറികടക്കാനുള്ള വിഭവങ്ങല്‍ പാര്‍ട്ടിക്ക്‌ സമൃദ്ധമായുണ്ട്‌. അര്‍പ്പണ മനോഭാവത്തോടെ എതിര്‍പ്പുകളെ നേരിടാനുള്ള മനോബലം പ്രവര്‍ത്തകര്‍ക്കുമുണ്ട്‌. ഒരു തെരഞ്ഞെടുപ്പ്‌ പരാജയം കൊണ്ട്‌ നിരാശയില്‍ വീണുടഞ്ഞു പോകുന്നവരല്ല അവര്‍. ഈ സംഘടനയുടെ ദൌത്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ്‌ പച്ചക്കൊടി പിടിച്ച ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ ജീവിതത്തിലൊരിക്കലും നഷ്ടക്കാരാവില്ല. അവരുടെ മനസ്സിലുള്ള ലീഗ്‌ കണ്ടുമുട്ടാനുള്ള അവസരം വന്നെത്തുക തന്നെ ചെയ്യും. അതിനുള്ള സജ്ജമാകലിന്‌ പാര്‍ട്ടി പാകപ്പെട്ടുകഴിഞ്ഞു. പ്രശ്നാധിഷ്ഠിതമായി എതിര്‍പ്പുകളുയര്‍ത്തിയ സാമുദായിക സംഘടനകള്‍ പോലും മുസ്‌ലിം ലീഗിനുണ്ടായ പരാചയത്തില്‍ വേദനിക്കുന്നുണ്ട്‌. മുസ്‌ലിം സമുദായത്തിന്‌ പുറത്ത്‌ പാര്‍ട്ടിയെ സ്നേഹിക്കുന്ന സമുദായ സുഹൃത്തുക്കളും പാര്‍ട്ടിയുടെ അതിശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. വിനയത്തോടെ യാഥാര്‍ത്യബോധത്തോടെ ജനങ്ങളുടെ പ്ര്ബുദ്ധത ഉള്‍ക്കൊണ്ട്‌ അതിനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി നിര്‍വ്വഹണം മാത്രമാണ്‌ ഇനി ആവശ്യം.