– അബ്‌ദു രഹ്‌മാന്‍, പട്ടാമ്പി

ഗത കാലങ്ങളെ ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കുന്നതാണ്‌ നമ്മുടെ ഓരോ തിരിച്ചുവരവും യാത്രയും. നാമെപ്പൊഴും എവിടെയായാലും നമ്മുടെ നാട്ടുവരമ്പിനെ കുറിച്ചും ഇടവഴിയെ കുറിച്ചും ഒരു നൊസ്റ്റാള്‍ജിയ മനസ്സില്‍ കൊണ്ടുനടക്കുന്നു. ഗൃഹാതുരത്വത്തിന്റെ മേമ്പൊടിയോടെ നടത്തപ്പെട്ട കേവലമൊരു യാത്രാരേഖയല്ല ഈ പുസ്തകം. കാലം വരുത്തിവെച്ച ഭൂമിശാസ്ത്രപരവും ജൈവപരവുമായ മാറ്റങ്ങളെ അതിന്റെ ഉണ്മയോടെ ഉള്‍ക്കൊണ്ട്‌ ചരിത്രവര്‍ത്തമാനങ്ങളെ അവതരിപ്പിക്കുകയാണ്‌ ജയ്ഹൂന്‍ എന്ന നോവലിസ്റ്റ്‌. പാരമ്പര്യത്തിന്റെ താഴ്‌വേരുകള്‍ അന്വേഷിച്ചും സംസ്കാരരൂപങ്ങള്‍ തൊട്ടറിഞ്ഞും ഒരു പ്രവാസി തന്റെ ദേശത്തിലൂടെയും കാലത്തിലൂടെയും നടത്തുന്ന ഒരാത്മികയാത്രയാണിത്‌.

പൈതൃകങ്ങളുടെ തുടര്‍ച്ചകള്‍ വേരറ്റുപോയത്‌ നമ്മുടെ നിസ്സംഗതയാണെന്ന്‌ പുസ്തകം ഓര്‍മിപ്പിക്കുന്നു. ഒരു സമൂഹം അതിന്റെ ഭൂതകാല ചരിത്ര സമൃദ്ധിയുടെ പേരിലാണ്‌ അതെത്ര മഹത്വവല്‍കൃതമായിരുന്നുവെന്ന്‌ അളക്കപ്പെടുന്നത്‌. അപനിര്‍മാണം ചെയ്യപ്പെടാത്ത ചരിത്രം ഒരു സമൂഹത്തിന്റെ, ജനതയുടെ ജീവവായുവാണ്‌. സംസ്കാരത്തിന്റെ ചരിത്രം നെഞ്ചോട്‌ ചേര്‍ത്തുവെക്കേണ്ടത്‌ ആ ജനതയുടെ ബാധ്യതയാണ്‌. ഗതകാല ചരിത്രങ്ങള്‍ നമ്മെ ഉജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന്‌ പുസ്തകം പറയുന്നു.

“മീറെ അറബ്‌ കോ ആയി ടെണ്ടി ഹവാ ജഹാന്‍സേ
മേരാ വത്വന്‍ വഹീഹെ, മേരാ വത്വന്‍ വഹീഹെ”

അല്ലാമാ ഇഖ്ബാലിന്റെ പ്രസിദ്ധമായ ശകലങ്ങളില്‍ നിന്നാണ്‌ ജയ്ഹൂണ്‍ ഈ പുസ്തകത്തിന്‌ ‘ദ കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ എന്ന പേര്‌ കടമെടുക്കുന്നത്‌. ഇന്ത്യയുടെ ഭാഗത്ത്‌ നിന്ന്‌ ഞാന്‍ ഒരു തണുത്ത കാറ്റ്‌ അനുഭവിക്കുന്നു എന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. ഒരു തണുത്ത കാറ്റ്‌ വരുന്നുവെന്ന്‌ പറയുമ്പോള്‍ ഹൃദയം തുറന്ന്‌ നാം അതിനെ പുണരാന്‍ കാത്തു നില്‍ക്കുന്നു.

നവ കൊളോണിയലിസം നമ്മുടെ അടുക്കളയിലും വെച്ച്‌ വിളമ്പുന്നുണ്ട്‌ ഇപ്പോള്‍. അടുക്കള നമ്മുടെ ഇഷ്ടങ്ങള്‍ തീരുമാനിക്കുന്നതിന്റെ ഏറ്റവും സ്വകാര്യമായ ഇടമാണ്‌. ശബ്ദങ്ങളില്ലാതെ അത്‌ നമുക്കിടയില്‍ നുഴഞ്ഞു കയറി ഇടമുറപ്പിക്കുകയാണ്‌. സാമ്രാജത്വ അധിനിവേശം നമ്മുടെ സംസ്കാരത്തില്‍ വീഴ്ത്തിയ വിള്ളലുകള്‍ ഒരു ഞെട്ടലോടെ നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുകയാണ്‌ നോവലിസ്റ്റ്‌.

സനാതന മൂല്യങ്ങളില്‍ പുഴുക്കുത്തുകള്‍ ബാധിച്ചിരിക്കുന്നുവെന്നത്‌ പുതിയ കാര്യമല്ല. നാമറിയാതെ അതെങ്ങനെ നമ്മുടെ ശരീരങ്ങളില്‍ പടര്‍ന്നു കയറുന്നുവെന്നാണ്‌ ഇവിടുത്തെ ചോദ്യം. സാമ്രാജത്വ ഭീകരത പടര്‍ന്നു കയറുമ്പോഴും നാമിപ്പോഴും അതെകുറിച്ച്‌ ബോധവാന്മാരല്ല. പ്രതിരോധത്തിന്റെ സാധ്യതകളെ കുറിച്ച്‌ സംസാരിക്കുന്നതിന്‌ പകരം നാമതിനെ നിസംഗമായി കണ്ടു നില്‍ക്കുകയാണ്‌. സാംസ്കാരിക ചിഹ്നങ്ങളുടെ തനിമയോടുള്ള നിലനില്‍പിനും തിരിച്ചെടുപ്പിനും പ്രതിരോധത്തിന്റെ ബദലുകള്‍ ആവശ്യമായേ തീരൂവെന്ന്‌ പുസ്തകം ഓര്‍മപ്പെടുത്തുന്നു.

അതിരുകളില്‍ തളച്ചിടപ്പെട്ട്‌ സങ്കുചിതമായ ഹൃദയങ്ങളിലേക്ക്‌ ഹൃദയത്തിന്റെ അതേ ഭാഷയില്‍ സംസാരിക്കുകയാണ്‌ ജയ്ഹൂണിന്റെ ഈ പുസ്തകം. ഭൂതകാലത്തെ അതിന്റെ തനിമയോടെ അവതരിപ്പിക്കാനും ഓര്‍മയില്‍ നിന്നും മാഞ്ഞു പോയ ഗതകാലത്തിന്റെ കഥകളെ തിരിച്ചു കൊണ്ടുവരാനുമുള്ള ശ്രമമാണിതെന്ന്‌ മുഖവുരയില്‍ നോവലിസ്റ്റ്‌. ലളിതവും ആകൃഷ്ടവുമായ ഭാഷയിലൂടെ അനുവാചക വൃന്ദത്തെ തൃപ്തിപ്പെടുത്തുന്നതില്‍ ജയ്ഹൂന്‍ നൂറു ശതമാനവും വിജയം കൈവരിച്ചത്‌ ഈ ഗ്രന്ഥത്തെ മറ്റു കൃതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. പ്രവാസത്തിന്റെ കൂച്ചുവിലങ്ങില്‍ അകപ്പെട്ട ലക്ഷക്കണക്കിന്‌ മലയാളികളുടെ ഹൃദയങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണ്‌ ജയ്ഹൂണിന്റെ ഈ പുസ്തകം. ഹൃദയഹാരിയായ അവതരണത്തിലൂടെ യാത്ര തുടരുമ്പോഴും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ആത്മീയമായ ആവേശം ഈ ഗ്രന്ഥത്തെ അമൂല്യമാക്കുന്നു.