Mujeeb Jaihoon’s controversial take on some of the double standards prevalent in the conservative Muslim Kerala community. Updated Dec 26 2023
59. യുവമനസ്സുകളുടെ ഇലാഹീ ദാഹം തീർക്കാൻ
ഒരു തുള്ളി വെള്ളം പോലും കൈവശമില്ലാതെ
പ്രാസ്ഥാനിക കുളത്തിൽ നീന്തിത്തുടിക്കുന്ന
സംഘടനാ നിപുണർ.
58. നൂറിന്റെ മേനിയിലും
പരസ്പരം പകപോക്കി
ദിനേന വട്ടം ചുരുങ്ങുന്ന
രണ്ട് പഴഞ്ചൻ പൂജ്യങ്ങൾ.
57. പ്ലാറ്റ്ഫോമിൽ നിന്നും
കാലത്തിന്റെ വണ്ടി
എന്നോ പുറപ്പെട്ട വിവരം
അറിയാത്ത ഭാവം നടിച്ച്
സമുദായത്തെ പകൽക്കിനാവിലാഴ്ത്തുന്ന
പൗരാണികതയുടെ ദല്ലാളുകൾ
56. അ-ദർശനമീ
അനന്ത
ആഘോഷമാവുന്ന
ആദർശ-ആൾക്കൂട്ടങ്ങൾ.
55. ഗുണനിലവാരം തീരെ ഗൗനിക്കാത്ത,
വാർഷികാഘോഷങ്ങളുടെ എണ്ണപ്പെരുമയിൽ
മാത്രം അഭിമാനംകൊള്ളുന്ന
വിഭാഗീയതയുടെ സുൽത്താന്മാർ.
54. പൊതു ഇടങ്ങളിൽ സംവാദത്തിലേർപെടുമ്പോൾ
തങ്ങളുടെ മത സെമിനാരി ശീര്‍ഷകങ്ങളെ പോലും
വിസ്മരിച്ചുകൊണ്ട് അസഭ്യം
ചീറ്റുന്ന അഗ്നിപര്‍വ്വതങ്ങൾ.
53. പാവനമായ പാണ്ഡിത്യത്തെ
ആദർശ-അധികാര ശാഠ്യങ്ങൾക്ക് വേണ്ടി
നാട്ടുംപുറത്തെ നാടകസംഘമാക്കി
നാറ്റിക്കുന്ന നാഗങ്ങൾ
52. വൈകാരിക കഥാപ്രസംഗവേദികളിൽ
പിരിവ് ബക്കറ്റ് നിറയെ
മാലയും വളയും വസൂലാക്കുന്ന
വല്ലാത്ത ‘വ-ജമാഅത്തുകാർ’.
51. പരലോകസ്നേഹികളായ പൊതുപ്രവർത്തകരെ വെല്ലുന്ന
ഇഹലോക വാഴികളായ ഇലാഹികളും
ഐക്യത്തിന്റെ അക്ഷരങ്ങൾ പോലും
ഉച്ചരിക്കാനറിയാത്ത സംഘടനാ പൈതലുകളും.
50. ആദർശ വേദികളിൽ ആഘോഷിക്കപ്പെടുന്ന
അന്ത്യനാളിലെ ‘മഹ്ദി ഇമാമിൻ്റെ പതാക കൈമാറ്റ ചടങ്ങി’ൽ
ഇമാമിന്റെ ആദർശ-അംഗത്വ വിചാരണ നടന്നാലും
അത്ഭുതപ്പെടേണ്ടി വരില്ല.
49. പരലോകസ്നേഹികളായ പൊതുപ്രവർത്തകരെ വെല്ലുന്ന
ഇഹലോക വാഴികളായ ഇലാഹികളും
ഐക്യത്തിന്റെ അക്ഷരങ്ങൾ പോലും
ഉച്ചരിക്കാനറിയാത്ത സംഘടനാ പൈതലുകളും.
48. നാടും കാടും കത്തിയെരിയുമ്പോൾ
കുഴിയാനയെ കുഴിച്ചു മൂടാൻ വെമ്പൽ
കൊള്ളുന്ന കൊമ്പനാനകൾ.
47. കഥയറിയാതെ
പാട്ടാക്കുന്ന
കലുഷിത
കാലത്തെ
കുത്തു-പാട്ടുകൾ.
46. ബഹിഷ്കരണമെന്ന ബക്കറ്റിലെ കൊടുങ്കാറ്റിനപ്പുറം
ബൃഹത്തായ മറ്റൊന്നും സമൂഹത്തിൽ
ബാക്കിവെക്കാതെ ബാലിശമായ വിഷയങ്ങളിൽ
സമയം ബലികഴിക്കുന്ന ബുദ്ധിശൂന്യർ.
45. മതനിരാസകർ വിശ്വാസത്തെ കുഴിച്ചു മൂടാൻ ശ്രമിക്കുമ്പോഴും കല്ലറയുടെ ആഴമില്ലായ്മയെ കുറിച്ച് സമുദായത്തോട് ന്യായം നിരത്തുന്ന ഇബ്ലീസിന്റെ ദല്ലാളുകൾ.
44. ധാർമിക ജീവിതം തേടി ഇരുട്ടിൽ തപ്പുന്ന ആധുനിക വിദ്യാർത്ഥി സമൂഹത്തിനു സുപരിചിതമായ ഭാഷയോ ശൈലിയോ കൈവശമില്ലാത്ത സമ്മേളന-മാമാങ്കങ്ങളിൽ മുഴുകിയ മുറിവൈദ്യർ.
43. സ്ഥാപിച്ച കാലത്തെ ഘടനയും ലക്ഷ്യവും കാലാനുസൃതമായി പുനരുദ്ധരിക്കാതെ സംഘടനാ സങ്കുചിതത്വത്തെ താലോലിക്കുന്ന തലപ്പാവുകൾ.
42. ദാർശനികരായ പൂർവികർ തങ്ങളുടെ കാലത്ത് കേട്ടു കേൾവിയില്ലാത്ത നൂതന ആശയങ്ങളായി അവതരിപ്പിച്ച ക്രിയാത്മക സംവിധാനങ്ങളെ പാരമ്പര്യത്തിന്റെ പ്രതാപകോട്ടകളിൽ തളച്ചിടുന്ന ഭൂതകാലത്തിന്റെ അപ്പോസ്തലന്മാർ.
41. സമന്വയ സന്തതികളെ സ്വീകരിക്കാതെ സമുദായത്തിലെ സാധാരണക്കാർ അനുഭവിക്കുന്ന സങ്കടങ്ങളും സംഘട്ടനങ്ങളും പരിഹരിക്കാൻ മുഖ്യധാരയുമായി അകന്നു കഴിയുന്ന സംഘടനാ-സംവിധാനങ്ങൾക്കാവില്ലെന്ന സത്യം സമുന്നതരെന്നാണ് തിരിച്ചറിയുക?
40. മാതൃസംഘടനയെ അംഗീകരിക്കുകയും അതില്‍ പ്രവർത്തിക്കുകയും ചെയ്തവർ മാത്രമാണ് സ്വർഗ്ഗാവകാശികളെന്ന് വാദിക്കുന്നവർ ഈ സംവിധാനത്തെക്കുറിച്ച് അറിയാത്ത മലനാടിനപ്പുറമുള്ള വിശ്വാസികൾക്ക് മറ്റേത് സ്വർഗ്ഗത്തിലേക്കാണ് മെമ്പർഷിപ്പ് കൊടുക്കുക?
39. ആതുരശുശ്രൂഷ രംഗത്ത് വിശ്വാസിനികള്‍ വനിതാ വിധഗ്ദരെ സമീപിക്കണമെന്ന് ശഠിക്കുന്നവരെന്താ മദ്രസകളില്‍ പെണ്‍കുട്ടികള്‍ക്ക് വനിതാഅധ്യാപകരെ നിയോഗിക്കാത്തത് ?
38. മെഡിക്കല്‍, എഞ്ചിനീയറിംഗ്, സിവില്‍ സര്‍വീസ്, ആര്‍ട്സ് മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സമുദായത്തിലെ പെണ്മക്കള്ക്കില്ലാത്ത പ്രായപരിധി വിവേചനമെന്തിനാണ് മത-വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വനിതാ-പണ്ഡിതകള്‍ക്ക് ബാധകമാക്കുന്നത് ?
37. സമുദായത്തില്‍ മതനിരാസം ഉരുള്‍പൊട്ടുമ്പോള്‍ അതിനെതിരെ പ്രതിരോധിക്കുന്നവരെ തന്നെ മതഭ്രഷ്ടരാക്കുന്ന മരണത്തിന്റെ മാലാഖമാര്‍
36. ഉപ്പൂപ്പമാരുടെ പ്രായം കവിഞ്ഞിട്ടും വിദ്യാർത്ഥി – യുവജന സംഘങ്ങളുടെ നേതൃനിരയിൽ പിടിച്ച് തൂങ്ങുന്ന മുൻഷി വവ്വാലുകൾ.
35. ആത്മീയതയുടെ പരമോന്നത മാതൃകയായ പുണ്യ നബിയുടെ ചര്യയില്‍ ഓട്ടമത്സരവും കുതിരസവാരിയും പോലുള്ള കായികാഭ്യാസങ്ങളുടെ മനോഹരവും മാനുഷികവുമായ തലം നിലനില്‍ക്കെ, ആത്മീയതയുടെ കളിത്തൊട്ടിലുകളാകേണ്ട മത-കലാലയങ്ങളില്‍ കായികമത്സരങ്ങള്‍ നിഷിദ്ധമാകുന്നതെങ്ങെനെ.
34.
നിലയില്ലാത്ത
നിലപാടിലേക്ക്
നിഷ്കളങ്ക മനസ്സുകളെ
നിര്‍വ്വികാരമായി
നയിക്കുന്ന
നീളക്കുപ്പായങ്ങൾ.
33.
അഹോരാത്രം
അദ്ധ്വാനിച്ച് വളർത്തിയ
അന്യരുടെ അധ്യാപനശാലകളുടെ മേൽ
അദ്ധ്യാത്മികതയുടെ മുഖമൂടിയണിഞ്ഞ്
അർദ്ധരാത്രിയിൽ
അവകാശവാദമുന്നയിക്കുന്ന
അലിവില്ലാത്ത അല്പന്മാർ.
32.
ഒരേ മാളത്തില്‍ നിന്നും
ഒരായിരം വട്ടം കടി കിട്ടിയിട്ടും
ഒന്നും പഠിക്കാതെ ബുദ്ധിക്ക്
ഓടാമ്പലിടുന്ന പണ്ഡിതവേഷമിട്ട
ഒട്ടകപ്പക്ഷിനയക്കാര്.
31. ഇസ്രാഈലി പ്രവാചകന്മാര്‍ക്കുണ്ടായിരുന്ന ആത്മവിമര്‍ശനം പോലും അവരുടെ പിന്‍ഗാമികളെന്ന് വിശേഷിപ്പിക്കപ്പെട്ട പണ്ഡിതര്‍ക്ക് അന്യമായതിന്റെ രസതന്ത്രം പിടികിട്ടുന്നില്ല.
30. വിഷം ചീറ്റുന്ന വിശദീകരണ യോഗങ്ങളും ആമാശയത്തിലൂന്നിയ ആദര്‍ശ സമ്മേളനങ്ങളും പിന്നെ സംഘടനയുടെ എരിതീയില്‍ തീരുന്ന ഇയ്യാംപാറ്റകളും.
29. പത്തരമാറ്റുള്ള സംവിധാനത്തില്‍ നിന്ന് ഒന്നിനെ വെട്ടി പൂജ്യത്തെ നിലനിര്‍ത്തി കൊണ്ടാടുന്നവര്‍.
28. ആത്മവിമര്‍ശനവും പുനര്‍വിചിന്തനവുമാണ് പാരമ്പര്യ ഇസ്ലാമിന്റെ പണ്ഡിതലക്ഷണങ്ങള്. എന്നാല്‍ തങ്ങള്‍ അപ്രമാദിതരെന്ന് സ്വയം വിശേഷിപ്പിക്കുകയും സമുദായത്തെ അപ്രകാരം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവര്‍ ജനമനസ്സുകളില്‍ അവരുടെ താങ്ങുവില ക്രമേണ ഇടിയുന്നത് ഗൗനിക്കുന്നേയില്ല.
27. കാര്‍മുകിലിന്റെ നിറം മാറി. കാറ്റിന്റെ ദിശയും, പേമാരിയുടെ ഒഴുക്കും. ആദ്യകാലത്തെ അനുഗ്രഹീത ആചാര്യര്‍ നട്ടു വളര്‍ത്തിയ പുണ്യപ്രസ്ഥാനത്തെ നവ യാഥാര്‍ഥ്യങ്ങള്‍ക്കനുസൃതമായി പുനരുദ്ധരിക്കുന്നതിനു പകരം അനുകരണത്തിന്റെ മാലപ്പാട്ടുകള്‍ മൂളുന്ന അനുയായിവൃന്ദം.
26. ഒരു ഭാഗത്ത് ത്രിശൂലം കൊണ്ടും മറുഭാഗത്ത് അരിവാള്‍ കൊണ്ടും വെട്ടിനുറുക്കപ്പെടുമ്പോഴും ആയുധത്തിന്റെ മൂര്‍ച്ചയെ കുറിച്ച് തര്‍ക്കിച്ച് ഭിന്നിക്കുന്ന അണ്ഡകടാഹത്തിലെ അസാധാരണ സമൂഹം.
25. മതനിരാസ പ്രചാരകരോട് കണ്ണുരുട്ടാന്‍ പോലും ധൈര്യപ്പെടാത്തവരാണത്രെ മതാചാരങ്ങളിലെ നിസാരതര്ക്കങ്ങളില് സഹവിശ്വാസികളോട് കൊമ്പ് കോര്‍ക്കുന്നത്.
24. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിലബസില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ തയാറാകാത്തവരെന്തിനാണ് അനേകായിരം പ്രാവശ്യം പരിഷ്കരിച്ച സംവിധാനത്തിന് ബദലുണ്ടാക്കാന്‍ തിടുക്കം കൂട്ടുന്നത് ?
23.
‘ലാ ഇലാഹ’യില്‍
ലയിക്കുന്നവരോട്
‘ലാ തഖ്റബു’ പറയാന്‍
ലജ്ജിക്കുന്ന, മിമ്പറിലെ
ലൗകികർ.
22. പരലോക മോക്ഷത്തിന് സംഘടനാംഗത്വം നിബന്ധനയാക്കി സ്വർഗ്ഗപ്രവേശനത്തിനുള്ള രശീതി ബുക്ക് കുത്തകയാക്കിയ മത-വ്യാപാരികൾ.
21. ഒരു നാടൻ തട്ടുകട തുടങ്ങുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ പോലും നടത്താതെ രായ്ക്കുരാമാനം തട്ടിക്കൂട്ടുന്ന ദേശീയ വിദ്യാ ‘അഭ്യാസങ്ങൾ.’
20. മധ്യകാല യൂറോപിലെ പോപുമാരും രാജാക്കന്മാരും തമ്മിലെ കലഹത്തെ ഓർമിപ്പിക്കും വിധമുള്ള, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന, അധികാരത്തിനുള്ള വടംവലികൾ നടത്തുന്ന മതവക്താക്കള്‍.
19. സുന്നത്തായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഭിന്നാശയക്കാർക്ക് എട്ടിന്റെ പണി കൊടുക്കുന്നവരെന്താ പലിശയെന്ന പൈശാചിക വിപത്തിനെതിരെ ശക്തമായൊരു നടപടി പോലും സ്വീകരിക്കാത്തത് ?
18. ജ്ഞാനത്തിന്റെ ഉർവരത നഷ്ടപ്പെട്ട മരുഭൂവിൽ പോയി അറിവിന്റെ ഉദ്യാനം സൃഷ്ടിക്കുന്ന നിസ്വാർത്ഥ കരങ്ങളെ ചോദ്യം ചെയ്യുന്ന വന്ധ്യ വൃക്ഷങ്ങൾ.
17. സമുദായത്തിന്റെ കുഞ്ഞു മനസ്സുകളിൽ മതനിരാസവും അരാജകത്വവും വളരുമ്പോഴും ശേഷിക്കുന്ന പ്രതിരോധ ശബ്ദങ്ങളെ ഞെക്കികൊല്ലുന്ന ‘ആദർശ വീരരായ.’ അസ്ഹാബുൽ-110.
16. സ്വന്തം അണികളില്‍ രോമാഞ്ചമുണ്ടാക്കുന്നതിനായി മാത്രം നടത്തുന്ന മഹാ സമ്മേളന മത്സരങ്ങള്‍ പൊതുസമൂഹത്തിന് എന്ത് സംഭാവനയാണ് നല്കുന്നതെന്നറിയാത്ത ഇവന്റ് മാനേജ്മന്റ് ഭ്രമം.
15. ഇസ്ലാമിനോളം ആയുസ്സുള്ള നാട്ടില്‍ ഒരു പണ്ഡിതയുടെ നന്മോപദേശം കേള്‍ക്കാന്‍ വിശ്വാസിനികള്‍ക്ക് പാശ്ചാത്യ മുസ്ലിംകളെ ആശ്രയിക്കേണ്ട ഗതികേട് എന്ത് കൊണ്ടാണ് ?
14. കവിയും ഭാഷാസ്നേഹിയുമായ ഇമാം ശാഫി (റ) ഇതര മദ്ഹബുകളുടെ ഇമാമുമാരോടും അഭിപ്രായങ്ങളോടും പുലർത്തിയ വിശാലമനസ്കതയും ആദരവും എന്തേ അദ്ദേഹത്തിന്റെ നാമധേയം കൊണ്ടാടുന്നവർ അതേ മദ്ഹബിലുള്ളവർക്ക് കനിയാത്തത് ?
13. ഇസ്ലാമിലെ സ്ത്രീവിമോചനത്തെകുറിച്ച് വാ തോരാതെ സംസാരിക്കുമ്പോഴും ഏഴലയത്ത് പോലും സ്ത്രീകളെ അടുപ്പിക്കാത്ത സമ്മേളനങ്ങൾ.
12. വിനയം,
വിജ്ഞാനം,
വേദമോതി
വെറുപ്പ്
വിദ്വേശം
വിവേചനം
വിറ്റഴിക്കുന്ന
വിഭാഗീയ
വ്യാപാരികൾ
11. സ്വന്തക്കാർക്ക് അനുവദിക്കുന്ന വിജ്ഞാന-കനിയെന്തിനാ സമൂഹത്തിന് വിലക്കുന്നത് ?
10. വെറുപ്പും വിദ്വേഷവും കായിക്കുന്ന വിഷവൃക്ഷങ്ങളെ നട്ടുവളർത്തുന്ന തലപ്പാവുകൾ.
9. പുണ്യ റസൂലിലൂടെ പടച്ചവൻ മനുഷ്യന് സമ്മാനിച്ച വിശാലമായ വിശ്വാസ സംഹിതയെ സംഘടനാ താല്പര്യങ്ങൾക്ക് വേണ്ടി സങ്കുചിതമാക്കിത്തീർക്കുന്ന അല്പന്മാർ.
8. ബദൽ സംവിധാനം ബലപ്പെടുന്നതിന് മുമ്പേ ഉള്ള പാലം നശിപ്പിക്കുന്ന നഷ്ടക്കച്ചവട സംഘം.
7. ഒരു നൂറ്റാണ്ടായിട്ടും തെന്നിന്ത്യയുടെ മണ്ണിൽ മുളക്കാത്ത വിത്ത് അഖിലേന്ത്യയുടെ വയലിലാണോ കൊയ്യാനിറങ്ങുന്നത് ?
6. അങ്കണവാടികൾ നടത്തി പ്രസിദ്ധിയാർജിച്ചവരാണോ സർവകലാശാലകൾ തകർക്കാൻ കുറ്റപത്രം തയ്യറാക്കുന്നത് ?
5. പാപങ്ങള്‍ പൊറുത്ത് കിട്ടാന്‍ രാപകല്‍ കെഞ്ചുന്ന ജനങ്ങളും ഒരിക്കലും തെറ്റു പറ്റുകയില്ലെന്നും തിരുത്തുകയില്ലെന്നും അവകാശപ്പെടുന്ന പണ്ഡിത യജമാനരും.
4. വീണ്ടും വീണ്ടും ശങ്കിക്കുന്ന സ്വഭക്തര്ക്ക് മുന്നിൽ വീണ്ടും വീണ്ടും ശക്തിതെളിയിക്കേണ്ട സംഘടനകള്‍.
3. അറിവിനെ തന്നെ അറുത്തിട്ടാണോ സ്ഥാപനങ്ങളെ വളര്‍ത്താൻ വാശികൂട്ടുന്നത്.
2. എന്ത് വില കൊടുത്തും എല്ലാ മനുഷ്യരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുവാൻ പാടുപെട്ട പുണ്യ റസൂലും പരമാവധി ആളുകളെ നിസാരമായി നരകത്തിലേക്ക് തള്ളുന്ന നമ്മളും തമ്മിൽ എന്ത് ബന്ധം ?
1. ‘സലാം മടക്കേണ്ടതില്ല. രസീത്, സൽക്കാരം… എത്രയുമാകാം’.