– Jaihoon

“പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുവാന്‍
ഇഷ്ടമില്ലെനിക്കിന്നശേഷമേ
പക്ഷേ, പറഞ്ഞിട്ടെന്തു ചെയ്യുവാന്‍
ഈ ഭൂവിലുള്ള സര്‍വവും നശ്വരം, നാശോന്മുഖം…”
ഓ പൊന്നു ചങ്ങാതീ, നീ ഇപ്പറഞ്ഞതൊക്കെയും
സത്യബദ്ധമാം നേര്‍വാക്കുകള്‍ നിസ്സംശയം
ശരിക്കുമവര്‍ സാക്ഷ്യപ്പെടുത്തുമല്ലൊ നിശ്ചയം
അവന്‍ ഭയം ഊറി നില്‍ക്കും നിന്‍ കണ്‍കള്‍ തന്‍ പ്രശോഭയെ…
വിരഹദുഃഖം അസഹ്യമാം വിധം കഠിന കഠോരമാം
ഏറ്റം സന്തോഷ വേളതന്നെയും അതു ദുഃഖ സാന്ദ്രമാക്കിത്തീര്‍ത്തേക്കുമേ
ആഹ്‌! സ്നേഹ ഭാജനാം ഖദീജത്തുല്‍ കുബ്ര വേര്‍പിരിഞ്ഞൊരു നിമിഷമില്‍
തമ്പുരാന്റെ പ്രിയ ദൂതര്‍ തന്‍
തിരു മനസ്സെത്ര വ്യഥ പൂണ്ടിരിക്കണം!
ആഹ്‌! തിരു മുസ്ഥഫാ തന്നുടെ സഹവാസം നിലച്ച തല്‍ക്ഷണം
നിഴല്‍ കണക്കെ ചരിച്ച സിദ്ദീഖ്‌ എത്ര നോവണം!
ആഹ്‌! യൂസിഫിന്റെ വേര്‍പാടില്‍ കഴ്ച ശേശി മങ്ങിയ
അന്ധാം വൃദ്ധനാം യ’അ്ഖൂബിന്‍ വ്യഥയോര്‍ക്കണം!
ആഹ്‌! സ്വപുത്രനെ ഒരു കുട്ടയില്‍ പുഴക്ക്‌ കുറുകെ ഒഴുക്കിയ
മൂസയുടെ ഭയചികിതയാം മാതാവിന്‍ നോവുമോര്‍ക്കണം!
ആഹ്‌! തന്‍ പ്രിയ ഗുരു ‘ശംസി’ന്റെ അസ്തമയവേളയില്‍
റൂമിന്റെ സ്നേഹനിര്‍ഭര ഋഷിവര്യന്റെ നോവുമോര്‍ക്കണം!
ആഹ്‌! ഇപ്പോള്‍ ഈ ജയ്ഹൂന്റെ തന്നെ നോവ്‌ നീ ഓര്‍ക്കണം!
ഈ ലോക തിന്മകള്‍ പാടെ വര്‍ജ്ജിച്ചിടാന്‍
ഏതുവഴിയവന്‍ പ്രതീക്ഷ കൊണ്ടോടണം!?
വേര്‍പാടിന്‍ വേദന അത്യന്തം അസഹ്യമാം
ഏതു സന്തോഷവും അതു ദുഃഖ പൂര്‍ണമാക്കുമേ…
അതുകൊണ്ടുതാന്‍, തിരുമേനി വാക്കുകള്‍ ശ്രദ്ധയാല്‍ കേള്‍ക്കണമീ
നടേ പറഞ്ഞൊരു കഷ്ടതയെ ജയിക്കുവാന്‍
“സ്നേഹിക്കയാവാം ഇഷ്ടമുള്ളോരൊക്കെയും
പക്ഷേ അണയുമൊരു ദിനം വിരഹവും നിസ്സംശയം.”
ആഹ്ലാദപൂര്‍വം ഒത്തു ചേരുന്നവരൊക്കെയും
പിരിഞ്ഞു പോം നൊന്തും വിലപിച്ചുമൊരു ദിനം
ഓ സുഹൃത്തേ! സുവ്യക്ത സന്ദേശം ഒന്നു നീ കേള്‍ക്കുക,
പിന്നീടൊരിക്കല്‍ അതോര്‍ത്തെന്നു വന്നിടാം
“പ്രാര്‍ത്ഥിക്കണേ കൃപയാല്‍ ഈ പാവം സുഹൃത്തിന്‌
ഖബറകം ഒരു നാള്‍ താന്‍ വാസം തുടങ്ങിയാല്‍”

Dec 6, 2007
Translated by Alavi Al Hudawi.