ഇനി ഖബ്റിലെ ശിക്ഷയെ സംബന്ധിച്ചാണ് വിവരിക്കാനുള്ളത്. ഖബ്റിലെ ശിക്ഷയും ശാരീരികം ആത്മീയം എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. ശാരീരികമായ ശിക്ഷയെ സംബന്ധിച്ച് പൊതുവെ എല്ലാവര്ക്കും അറിയാവുന്നതാണ്. ആത്മീയ ശിക്ഷയെ കുറിച്ചും തന്നെക്കുറിച്ചും ആത്മാവിനെ സംബന്ധിച്ചും അറിയുന്നവര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാം. അതായത് ആത്മാവ് സ്വയം സ്ത്ഥിതിചെയ്യുന്ന ഒരു വസ്തുവാണെന്നും അതിന്റെ നിലനില്പിന്ന് ശരീരത്തിന്റെ ആവശ്യമില്ലെന്നും മരണാനന്തരം അത് അവശേഷിക്കുന്നുണ്ടെന്നും മരണമെന്നത് അതിന്റെ നാശമല്ല. പ്രസ്തുത കൈ, കാല്, നേത്രം, കര്‍ണ്ണം മുതലായ അവയവങ്ങളും പഞ്ചേന്ദൃയങ്ങളും അതില്‍ നിന്ന് വേര്‍പിരിയുക മാത്രമാണെന്നും അറിഞ്ഞവര്‍ക്ക് മാത്രമേ ആത്മീയ ശിക്ഷയുടെ യാഥാര്‍ത്ഥ്യം ഗ്രാഹ്യമാകുകയുള്ളൂ.
ഒരുവന്റെ പഞ്ചേന്ദൃയങ്ങള്‍ അവനില്‍ നിന്ന് വേര്‍പ്പെടുമ്പോളും അവയ്ക്കധീനമായിരിക്കുന്ന അവന്റെ ഭാര്യ, സന്താനങ്ങള്‍, സമ്പത്ത് ദാസന്മാര്, ആടുമാടുകള്‍, വീടുകള്‍ എന്നിവയും എന്നല്ല ആകാശവും ഭൂമിയും അവയില്‍ അടങ്ങിയ സര്‍വ്വതും അവനുമായി വിട്ട് പിരിയുന്നു. ഇവയില്‍ പലതിനേയും അവന് ത്ന്റെ സ്നേഹപാത്രമായി ഗണിക്കുകയും അവക്കായി തന്നെ അര്‍പ്പിക്കുകുയും ചെയ്തിരുന്നുവെങ്കില്‍ അവ പിരിഞ്ഞതിലുള്ള വിരഹദു:ഖത്തോടുകൂടി അവന് നിലകൊള്ളുക തന്നെ ചെയ്യും. യാതൊരു വസ്തുവിനോടും മനസ്സിനെ ബന്ധിക്കാതെയും യാതൊന്നിനെയും തന്റെ പ്രേമഭാജനമാക്കിവെയ്ക്കാതെയും മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സുഖം ലഭിക്കുന്നതാണ്. അള്ളാഹുവിനെ സ്നേഹിക്കുകയും അവന്റെ സ്മരണയില്‍ ആനന്ദിക്കുകയും തന്റെ ജീവിതത്തെ മുഴുക്കെ അക്കാര്യത്തിനായ് ബലിയര്‍പ്പിക്കുകയും ചെയ്താല്‍ അത്തരം വരിഷ്ട് ദാസന്മാര്ക്ക് മറണാനന്തരമവരുടെ സ്നേഹിതരെ പ്രാപിക്കുകയും തടസ്സങ്ങളെല്ലാം നീങ്ങി അവനു തന്റെ സൌഭാഗ്യ സ്ത്ഥാനം കരഗതമാക്കുകയും ചെയ്യും.
താന്‍ മരണാനന്തരം അവശേഷിക്കുന്നതാണെന്ന് അറിയാവുന്ന ഒരാള്‍ക്ക് അവന് സ്നേഹിക്കുന്ന വസ്തുക്കള്‍ ഇഹത്തിലായിരുന്നാല്‍ ഈ ലോകത്തെ വിടുമ്പോള്‍ തീരാദു:ഖത്തിനിടയാകുന്നതാണ്. “നിനക്കിഷ്ടമുള്ളതിനെ സ്നേഹിക്കുക. നിശ്ചയമായും നീ അതിനെ വിട്ട് പിരിയും.” എന്ന് റസൂല്‍ തിരുമേനി(സ) അരുളിയിരിക്കുന്നു. താന്‍ സ്നേഹിക്കുന്നതിനെ വിട്ട് പിരിയുന്നതില്‍ ആര്‍ക്കും വേദനയുണ്ടാകും.എന്നാല്‍ പരിപൂര്‍ണ്ണമായ സ്നേഹം അര്‍പ്പിക്കേണ്ടത് അള്ളാഹുവില്‍ ആയിരിക്കണം. ഇഹലോകത്തില്‍ ആവശ്യത്തിന്നൊഴികെയുള്ളതിനെയെല്ലാം തന്റെ ശത്രുവായി പരിഗണിക്കണം. എന്നാല്‍ മരണാനന്തരം യാതൊരു സന്ദേഹത്തുനും ഇടയില്ലാത്ത നിലയില്‍ സുഖം പ്രാപിക്കാവുന്നതാണ്. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നവര്‍ക്ക് ഖബറിലെ ശിക്ഷ സൂക്ഷ്മാലുക്കള്‍ക്കല്ലെന്നും ഇഹലോകകാര്യത്തില്‍ തന്നെ ലീനരായിക്കിടക്കുന്ന ഭൌതിക സുഖലോലുപന്മാര്‍ക്കാണെന്നും ബോധ്യമാകുന്നതാണ്. അവര്‍ക്ക് അക്കാര്യത്തെ സംബ്ന്ധിച്ച് സന്ദേഹത്തിനവകാശമില്ല. “ഇഹലോകം വിശ്വാസികള്‍ക്ക് കാരാഗ്രഹവും അവിശ്വാസികള്‍ക്ക് സ്വര്‍ഗവുമാണ്.” എന്ന ഹദീസിന്റെ താല്പര്യവും ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.