മലയാളം ന്യൂസ്‌
അബൂദാബി: സമദാനി പ്രഭാഷണതല്‍പരര്‍ക്ക്‌ ഇനി പ്രസംഗങ്ങളുടെ ഓഡിയോ അന്വേഷിച്ച്‌ പ്രയാസപ്പെടേണ്ടത്തില്ല. ഇന്റര്‍നെറ്റ്‌ തുറന്നാല്‍ വേണമെങ്കില്‍ അബ്ദുസ്സമദ്‌ സമദാനിയുടെ പ്രഭാഷണം ഇംഗ്ലീഷില്‍ വായിക്കുകയും മലയാളത്തില്‍ ശ്രവിക്കുകയും ചെയ്യാം.
ഷാര്‍ജയില്‍ താമസിക്കുന്ന ഒരു മലയാളി വിദ്യാര്‍ത്ഥിയാണ്‌ സമദാനിക്കു മാത്രമായി വെബ്‌സൈറ്റുണ്ടാക്കിയത്‌. ഒട്ടേറെ സമയവും അധ്വാനവും ചെലവഴിച്ച്‌ സമദാനിയുടെ പ്രസംഗത്തിന്റെ മുഖ്യഭാഗങ്ങള്‍ ഇംഗ്ലീഷിലാക്കി വെബ്‌സൈറ്റിലാക്കിയത്‌ എടപ്പാള്‍ സ്വദേശി മുജീബ്‌ റഹ്‌മാന്‍ കോലക്കാട്ട്‌ ആണ്‌.
സമദാനിയുടെ മലയാള പ്രസംഗങ്ങള്‍ ഇതേ സൈറ്റില്‍നിന്ന്‌ കേള്‍ക്കനും കഴിയും. ഏറെ പ്രചാരം സിദ്ധിച്ച ‘മദീനയിലേക്കുള്ള പാത’ എന്ന പ്രഭാഷണ പരമ്പരയെ അവലംബിച്ചാണ്‌ തയ്യാറാക്കിയത്‌. ‘ജയ്ഹൂന്‍’ എന്നാണ്‌ സൈറ്റിന്റെ പേര്‌.
ദാര്‍ശനിക കവി അല്ലാമാ ഇഖ്ബാല്‍ തന്റെ തന്റെ കവിതകളെ ജയ്ഹൂന്‍ നദിയോടാണ്‌ ഉപമിച്ചിരിക്കുന്നത്‌. സൈറ്റിന്‍ ഈ പേര്‌ കൊടുക്കാന്‍ കാരണമിതത്രെ.
സൈനുദ്ദീന്‍ മഖ്‌ദൂം, ഉമര്‍ ഖാസി, ഇമാം ഗസാലി, ജലാലുദ്ദിന്‍ റൂമി എന്നിവരെക്കുറിച്ചും ജയ്ഹൂനില്‍നിന്ന്‌ പഠിക്കനാവും. അഞ്ച്‌ മഹദ്‌ വ്യക്തികളെ സംബന്ധിച്ച വിവരങ്ങളാണ്‌ ഈ സൈറ്റില്‍ താന്‍ രൂപപ്പെടുത്തിയതെന്ന്‌ മുജീബ്‌ റഹ്‌മാന്‍ പറഞ്ഞു. ഇമാം അഹമ്മദ്‌ സര്‍ ഹിന്ദി (1564-1624), ഷാ വലിയുല്ലാ അദ്ദഹ്‌ലവി (1703-1762), അല്ലാമാ മുഹമ്മദ്‌ ഇഖ്ബാല്‍ (1873-1910), അബ്ദുല്‍ ഹസന്‍ അലി നദ്‌വി ഇവര്‍ക്കൊപ്പം അബ്ദുസ്സമദ്‌ സമദാനിയെക്കുറിച്ചും.
ഇമാം സര്‍ഹിന്ദിനെ അങ്ങേയറ്റം ആദരിച്ച മഹാനായിരുന്ന ഷാ വലിയുള്ള അദ്ദഹ്‌ലവി, ദഹ്‌ലവിയുടെ സ്വാധീനമായിരുന്നു ഇഖ്ബാലില്‍, ഇഖ്ബാലിനെ ഏറ്റവും ആദരവോടെ ഉള്‍ക്കൊണ്ട വ്യക്തിയാണ്‌ അലിമിയാന്‍ എന്ന നദ്‌വി. നദ്‌വിയുടെ വിദ്യാര്‍ത്ഥിയായിരുന്നു സമദാനി.
ഒരു പ്രത്യേക തരം സൂഫി മഹദ്‌ ചിന്ത ഇവരെയെല്ലം ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നതായി മുജീബ്‌ റഹ്‌മാന്‍ വിശ്വസിക്കുന്നു.
ഷാര്‍ജ ഭരണാതികാരി ഷെയ്ക്ക്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ കീഴില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി മൊയ്തുണ്ണിയുടെ മകനാണ്‌ ഷാര്‍ജ കോളേജില്‍ ബി.ബി.എ വിദ്യാര്‍ഥിയായ മുജീബ്‌ റഹ്‌മാന്‍.
ചെറുപ്പത്തിലേ സമദാനിയുടെ ചടുലമായ പ്രസംഗപാടവത്തില്‍ ആകൃഷ്ടനായിരുന്നതാണ്‌ മാസങ്ങളെടുത്ത്‌ വെബ്‌സൈറ്റുണ്ടാക്കാന്‍ തനിക്ക്‌ പ്രചോദനമായതെന്ന്‌ മുജീബ്‌ പറഞ്ഞു.
www.jaihoon.com എന്ന അഡ്രസിലാണ്‌ സമദാനിയുടെ മുഖവും പ്രസംഗവും പ്രത്യക്ഷപ്പെടുക.